Thursday, June 22, 2006

ദേശീ ഇന്ത്യന്‍ ഫുട്ബോള്‍

ചത്തകുതിരകളെക്കൊണ്ടെന്തു കാര്യം?

ലോകകപ്പ് ഫുട്ബോള്‍ വേദികളില്‍ ഇന്ത്യയുടെ ദേശീയ ഗാനം കേള്‍ക്കാനാഗ്രഹിക്കുന്നവരുടെ മനസില്‍ ആദ്യമേ വരുന്ന ചോദ്യമിതായിരിക്കും. ഇന്ത്യയിലെ പല ജില്ലകളുടെപോലും വലുപ്പമില്ലാത്ത ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്ന രാജ്യം പോലും ലോകകപ്പിനു യോഗ്യത നേടി, മനോഹരമായി കളിക്കുകയും ചെയ്തു. ഇന്ത്യയെപ്പോലെ ക്രിക്കറ്റ് പ്രധാന കായിക വിനോദമായ രാജ്യമാണതുമെന്നതും മറന്നുകൂടാ.

ലോകകപ്പു വേണ്ട ഫിഫയുടെ റാങ്കിംഗിലെങ്കിലും ഒരു നൂറിനുള്ളിലെത്താന്‍ ഇന്ത്യക്കാവുമോ? നമ്മുടെ മണ്ണില്‍ കളിച്ചുവളരുന്ന ഏറ്റവും മികച്ച താരങ്ങള്‍ നിറഞ്ഞ ടീമാണെങ്കില്‍‌പോലും ഈ സ്വപ്നം അസാധ്യമാകുമെന്നു കരുതുകയേ നിവര്‍ത്തിയുള്ളൂ.

ഇതര ടീമുകളോടു പിടിച്ചു നില്‍ക്കാനുള്ള കായിക ക്ഷമതയോ, കുറഞ്ഞ കായിക ക്ഷമതയ്ക്ക് അനുയോജ്യമായ കേളീശൈലിയോ നമ്മുടെ ടീമിനില്ല. രാജ്യാന്തര നിലവാരമുള്ള കളിക്കാര്‍ നന്നേ കുറവ്. ടീമില്‍ ഒരാള്‍ പന്തുകൊണ്ടു മുന്നേറുമ്പോള്‍ കളിക്കളത്തില്‍ നിശ്ചലരായി നില്‍ക്കുന്ന സഹകളിക്കാരെ വേറേ ഏതു ടീമില്‍ കാണാനൊക്കും?

ഏതായാലും ഇന്ത്യയിലെ ഫുട്ബോള്‍ ഭരണാധിപന്മാര്‍ മറ്റൊരുവഴി ചിന്തിക്കുകയാണ്. അതായത് ഒരു ദേശീ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുത്ത് ഇന്ത്യയുടെ സാധ്യതകള്‍ മെച്ചപ്പെടുത്തുക. ഇന്ത്യയില്‍ കളിക്കുന്ന ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം വിദേശ ഫുട്ബോള്‍ ലീഗുകളില്‍ കളിക്കുന്ന ഇന്ത്യന്‍ വംശജരായ മികച്ച താരങ്ങളെയും അണിനിരത്തുക.

പല രാജ്യങ്ങളും ഈ വഴി തേടുന്നുണ്ട്. സ്വന്തം വംശം എന്നുപോലും നോക്കാതെ മികച്ച കളിക്കാരെ ടീമിലെത്തിക്കുന്ന രാജ്യങ്ങള്‍ ഏറെയാണിപ്പോള്‍. ജപ്പാനുവേണ്ടി കളിക്കുന്ന ബ്രസീലുകാരന്‍ അലക്സ്, പോര്‍ച്ചുഗലിന്റെ ബ്രസീലുകാരന്‍ മിഡ്‌ഫീല്‍ഡര്‍ ഡെക്കോ എന്നിവര്‍ ഉദാഹരണം. അമേരിക്കന്‍ ടീമിലെ മിക്ക കളിക്കാരും രക്തത്തില്‍ ഫുട്ബോളിന്റെ അംശമുള്ള മെക്സിക്കോയില്‍ നിന്നു കുടിയേറിയവരാണ്. മെക്സിക്കന്‍ ടീമിലാകട്ടെ അര്‍ജന്റീനക്കാരും ബ്രസീലുകാരും സ്ഥാനം നേടിയിരിക്കുന്നു.

ഫിഫയുടെ നിയമമനുസരിച്ച് 23 വയസില്‍ താഴെയുള്ളവരുടെ ടീമുകളില്‍ മാത്രം കളിച്ച ആര്‍ക്കും ഏതു രാജ്യത്തേക്കും കൂടുമാറാം. പക്ഷേ ആ രാജ്യത്തെ പൌരത്വം നേടിയിരിക്കണം. ഇരട്ട പൌരത്വ സാധ്യതകളുള്ള മിക്ക രാജ്യങ്ങളും ഈ നിയമത്തിന്റെ ആനുകൂല്യം മുതലാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ അടുത്തിടെ പാസാക്കിയ പി ഐ ഓ(പഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഓറിജിന്‍) ഭേദഗതിയിലൂടെ കുറേ ദേശീ ഇന്ത്യന്‍ കളിക്കാരെ കരയ്ക്കടിപ്പിക്കാമെന്നതാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ കണക്കുകൂട്ടല്‍.

ഇത്രയ്കു കണക്കുകൂട്ടാന്‍ ദേശീയ ഇന്ത്യക്കാര്‍ എവിടെയെങ്കിലും ശ്രദ്ധനേടും വിധം കളിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. ഫ്രാന്‍സ് നിരയില്‍ ഇപ്പോള്‍ കളിക്കുന്ന വികാഷ് ദിസോരൂ ഇവരുടെ പ്രതിനിധിയാണ്. വികാഷിനു പക്ഷേ പ്രായം 32 ആയി; ഫ്രാന്‍സ് ടീമില്‍ കളിക്കുകയും ചെയ്തു.

ഏതാനും വര്‍ഷം മുന്‍പ് അമേരിക്കയില്‍ ഒന്നാം ഡിവിഷന്‍ സോക്കര്‍ ലീഗില്‍ കളിക്കുന്ന എബി കൊടിയാട്ട് എന്ന മലയാളിയെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചിരുന്നെങ്കിലും അന്നത്തെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് എബിയെ അത്ര പിടിച്ചില്ല.

അയാക്സ് ആംസ്റ്റര്‍ഡാം എന്ന ഡച്ചു ക്ലബിലൂടെ കളിച്ചുവളര്‍ന്ന കിരണ്‍ ബച്ചന്‍, ഡച്ച് രാണ്ടാം ഡിവിഷനില്‍ കളിക്കുന്ന പ്രിന്‍സ് രാജ്കുമാര്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇന്ത്യ സ്വപ്നങ്ങള്‍ നെയ്യുന്നത്. വേറെയുമുണ്ട് ദേശീ താരങ്ങള്‍. ഇംഗ്ലീഷ് ലീ‍ഗിലെ ന്യൂകാസില്‍ യുണൈറ്റഡിനുവേണ്ടി കളിക്കുന്ന മൈക്കല്‍ ചോപ്ര, ദക്ഷിണാഫ്രിക്കന്‍ പ്രിമീയര്‍ ലീ‍ഗില്‍ കളിക്കുന്ന ഡിലന്‍ പിള്ള, ഡച്ച് ക്ലബായ ഫെയനൂര്‍ദിന്റെ റിസര്‍വ് താരം രെഷം സര്‍ദാര്‍, ബ്രസീല്‍ മൂന്നാം ഡിവിഷനില്‍ കളിച്ചുപരിചയമുള്ള രണ്‍‌വീര്‍ സിംഗ് എന്നിങ്ങനെ വേറെയും ദേശീ ഇന്ത്യക്കാര്‍ വിവിധ വിദേശ ലീഗുകളില്‍ ശ്രദ്ധനേടിയിട്ടുണ്ട്.

ഇന്ത്യാക്കാരുടെ ആഗ്രഹം കൊള്ളാം. പക്ഷേ ഇവരില്‍ പലരും ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ തയാറാകുമോ എന്നതാണു പ്രശ്നം. ഫുട്ബോളില്‍ ഒന്നുമല്ലാത്ത ഇന്ത്യക്കുവേണ്ടി കളിക്കുന്നതിനേക്കാള്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന വമ്പന്‍ രാജ്യങ്ങളുടെ ടീമിന്റെ സൈഡ് ബഞ്ചിലിരിക്കാനാവും ഇവരില്‍ പലരും ഇഷ്ടപ്പെടുക. മൈക്കല്‍ ചോപ്രയേയും കിരണ്‍ ബച്ചനെയുമെങ്കിലും കിട്ടിയാല്‍ മതിയാരുന്നു.

ഏതായാലും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സ്വപ്നങ്ങള്‍ നെയ്യുകയല്ലേ. ഒപ്പം നമുക്കും നെയ്യാം കുറേ സ്വപ്നങ്ങള്‍. ലോകകപ്പില്‍ ഇന്ത്യ എന്നെങ്കിലും കളിക്കുമെന്ന സ്വപ്നം.

ഇനി വല്യ കുഴപ്പമില്ലാത്ത ഈ ആശയം ഇന്ത്യന്‍ ഫുട്ബോള്‍ ഭരണാധികാരികളുടെ തലയിലുദിച്ചതാണോയെന്നു സംശയിക്കേണ്ട. കളിയേയും ടീമിനെയും മെച്ചപ്പെടുത്തുക എന്നതിനേക്കാള്‍ അവരുടെ ലക്ഷ്യങ്ങള്‍ മറ്റു പലതുമാണല്ലോ.

ജര്‍മ്മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ഡോട്ട് കോം എന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തകരാണ് ഫുട്ബോള്‍ ഫെഡറേഷന് ഈ ആശയം നല്‍കിയത്. ദേശീ കളിക്കാരെ തെരഞ്ഞുപിടിച്ചതും അവര്‍തന്നെ.

സ്വന്തം മണ്ണിലെ ഫുട്ബോള്‍ താല്പര്യംപൂര്‍വം നിരീക്ഷിക്കുന്ന ഈ പോര്‍ട്ടല്‍ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. പത്രങ്ങള്‍ നമ്മുടെ ദേശീയ ലീഗുപോലും കവര്‍ ചെയ്യാന്‍ മടിക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങളുടെയെല്ലാം വിശദാംശങ്ങള്‍ ഈ പോര്‍ട്ടലില്‍ സമാഹരിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.

12 comments:

അരവിന്ദ് :: aravind said...

നല്ല ലേഖനം.
പക്ഷേ ഈ ഒരു നിര്‍ദ്ദേശം എനിക്കൊട്ടും പ്രാക്റ്റിക്കലായി തോന്നുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക സ്ഥിതി തന്നെ കാരണം.

ഫുട്‌ബോള്‍ രക്തത്തില്‍(സംസ്കാരത്തില്‍) വേണമെന്നാണ് എനിക്ക് തോന്നുന്നത്.
അത് ഏഷ്യന്‍ രാജ്യങ്ങള്‍‌ക്ക് ഇല്ല.
ജപ്പാനോ, കൊറിയയോ, ഇറാനോ, സൌദിയോ കളിക്കുന്ന ഫുട്‌ബോളാണോ യൂറോപ്യന്‍സ് കളിക്കുന്നത്? ലാറ്റിനമേരിക്കക്കാര്‍ കളിക്കുന്നത്? ഈ ഏഷ്യന്‍ രാജ്യങ്ങള്‍‌ക്കൊക്കെ എന്തിന്റെ കുറവാണ്?

ഇപ്പോ ഒരു ഹോളണ്ട് കാരനോ, അമേരിക്കക്കാരനോ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയാല്‍, നല്ലൊരു കളിക്കാരന്‍(നമ്മട്യൊക്കെ ടീമിലെടുക്കാന്‍ പറ്റുന്ന)ആവാന്‍ ഈ ജന്മം പറ്റുമോ?

പിന്നെ ഇന്ത്യയില്‍ ഫുട്ബോള്‍ കളിക്കുന്ന പ്രൊഫഷണത്സിനു പോലും വേണ്ട നൂട്രീഷ്യസ് ഡയറ്റ് കിട്ടുന്നുണ്ടോ എന്ന് സംശയമാണ്. ഇന്ത്യയില്‍ എല്ലാം വരുമാനത്തിനു വേണ്ടിയുള്ള പോരാട്ടമല്ലേ...പാഷന്‍ എന്നൊന്ന് ഇല്ലല്ലോ..ഉണ്ടെങ്കിലും പ്രായമാകുമ്പോള്‍ മാറും.

പക്ഷേ, കൊല്ലങ്ങള്‍ കഴിഞ്ഞാല്‍ തിര്‍ച്ചയായും ഏഷ്യന്‍ രാജ്യങ്ങള്‍ മെച്ചപ്പെടും-ഉയര്‍ന്നു വരും. ഏഷ്യന്‍ സ്റ്റൈല്‍ ഫുട്‌ബൊള്‍ തന്നെയുണ്ടായിക്കൂടെന്നില്ല.

പിന്നെ പെരിങ്ങൊടര്‍ പറഞ്ഞപോലെ..ദ്രവീഡിയന്മാര്‍ക്ക് പൊതുവേ കായികക്ഷമത കുറവാണ്. ആര്യന്‍‌മാര്‍ ഡൈലൂട്ടടും ആയിപ്പോയി. കാരണവന്മാരെ പഴിക്കാം.

Adithyan said...

നല്ല ലേഖനം... ഇതില്‍ പറഞ്ഞിരിയ്ക്കുന്ന പലകാര്യങ്ങളും പുതിയ അറിവാണ്...

അരവിന്ദ് പറഞ്ഞപോലെ ഫുട്ബോള്‍ കളിക്കാരനായി പിറന്നു വീഴപ്പെടുന്നതും കളി കോച്ചിന്റെ അടുത്തു നിന്നും പഠിച്ചെടുക്കുന്നതും തമ്മില്‍ വ്യത്യാസമില്ലെ?

ജപ്പാനെതിരെ ഗില്‍ബെര്‍ട്ടൊ നേടിയ ആ ഗോള്‍ മാത്രം പോരെ ബ്രസീലുകാരുടെ സ്വാഭാവിക കളി എന്താണെന്നു കണ്ടറിയാന്‍... ഗോള്‍ അടിയ്ക്കുക എന്നതു അവര്‍ക്ക് ‘പൂ പറിയ്ക്കുന്നതു’ പോലെ നിഷ്‌പ്രയാസം ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം...മറ്റു പല ടീമുകളും ഫിനിഷ് ചെയ്യാന്‍ പാടുപെടുന്നതു കാണുമ്പോഴാണു ഈ വ്യത്യാസം കൂടുതല്‍ മനസിലാവുന്നത്...

Anonymous said...

അപ്പൊ എന്തേ അമേരിക്കയില്‍ ‘രക്തവും‘
‘പൈസായും‘ ‘ന്യൂട്രീഷനും‘ ഒക്കെ ഉണ്ടായിട്ടു നല്ലതായി കളിക്കുന്നില്ല?

ഈ ലേഖനത്തില്‍ പറയുന്ന പോലെ ഒരു നൂറില്‍ എങ്കിലും എത്തണമെങ്കില്‍ നല്ല ഒരു സംഘടിത ശ്രമം പോരെ? അല്ലാതെ ഇതില്‍ എന്തൊന്ന് ദ്രാവിഡ ആര്യന്‍ ഘടകം? അതൊക്കെ വെറുതെ ഒരു racial mode ചിന്താഗതി എന്ന് എനിക്കു തോന്നുന്നു. കറമ്പനു വിവരം ഒരിക്കലും ഉണ്ടാവില്ല എന്നു പറയുന്ന പോലെ...

Manjithkaini said...

അമേരിക്കക്കാര്‍ അത്ര പിന്‍‌ബഞ്ചുകാരൊന്നുമല്ല എല്‍ ജീസേ. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടെ ഏറ്റവും പുരോഗതി കൈവരിച്ച ടീമുകളിലൊന്നാണവരുടേത്. ഫിഫ റാങ്കിങ്ങില്‍ ഇപ്പോള്‍ അഞ്ചാമതും. നമ്മുടെ ഇന്ത്യയിലുള്ളതിന്റെ പത്തിലൊന്നു ഫുട്ബോള്‍ പ്രേമികളിവിടെയില്ല. എന്നാലും അവര്‍ കളിക്കുന്നുണ്ട്.

പിന്നെ ഈ ആര്യ ദ്രാവിഡ വാദത്തോട് എനിക്കും അത്ര യോജിപ്പില്ല. ഫുട്ബോളിനൊപ്പം കായിക ക്ഷമത ആവശ്യപ്പെടുന്ന ഹോക്കിയില്‍ ഒരു കാലത്ത് ഇന്ത്യ മുടിചൂടാ മന്നന്മാരായിരുന്നു എന്നതു മറക്കേണ്ട. ശാരീരിക ഘടനകളില്‍ ന്യൂനതകളുള്ള പല രാജ്യങ്ങളും അതു മറികടക്കാന്‍ അവരുടേതായ കേളീ ശൈലി രൂപപ്പെടുത്തിയിട്ടുണ്ട്. ചിലി, പരാഗ്വേയ് ഉദാഹരണങ്ങള്‍. നമ്മുടെ നാട്ടില്‍ കളിക്കുന്ന ബുടിയ എങ്കിലും രാജ്യാന്തര നിലവാരമുള്ള കളിക്കാരനാണ്. നമ്മുടെ പഴയ കാല താരമായിരുന്ന പാപ്പച്ചന്റെ കളികണ്ട ഉവേ സീലര്‍ എന്ന പഴയ ജര്‍മ്മന്‍ താരം പറഞ്ഞത്, ഇയാളെ ചെറുപ്പത്തില്‍ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഒരു മുള്ളര്‍ ആക്കാമായിരുന്നു എന്നാണ്. വേഗത്തിലും പന്തടക്കത്തിലും പാപ്പച്ചനു രാജ്യാന്തര നിലവാരമുണ്ടായിരുന്നു എന്നതാണെന്റെ പക്ഷം. അങ്ങനെ കുറേ കളിക്കാരുണ്ടായിരുന്നു. പക്ഷേ, പ്രധാന പ്രശ്നം ഇച്ഛാശക്തിയാണ്. പല രാജ്യങ്ങളിലെയും പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെ ഇടപെട്ടാണു ടീമിനു കോച്ചിനെ കണ്ടെത്തുന്നതും അതിനു പണമിറക്കുന്നതുമൊക്കെ. നമ്മുടെ നാട്ടില്‍ ഇതൊന്നുമേയില്ലല്ലോ. 1950l ചുളുവില്‍ കിട്ടിയ ചാന്‍സ് ബൂട്ടിട്ടു കളിക്കില്ല എന്നു പറഞ്ഞു നിരസിച്ചില്ലായിരുന്നെങ്കില്‍ നമ്മുടെ ഫുട്ബോള്‍ ചരിത്രം ഒരുപക്ഷേ മറ്റൊന്നായേനേ....

രാജ് said...

നാട്ടിലെ ഫുട്‌ബാള്‍ റ്റൂര്‍ണമെന്റുകള്‍ കണ്ടാല്‍ ഇച്ഛാശക്തിയുടെ അഭാവമുണ്ടെന്നു് ആരും പറയുകയില്ല. കളിച്ചുവളരേണ്ടവരെങ്കില്‍ അവര്‍ നാട്ടിലെ പാടത്തും പറമ്പിലും തന്നെ കളിച്ചുവളര്‍ന്നേന്നെ. നമ്മുടെ കേളീശൈലിയും ബാളിന്മേലുള്ള കൈയടക്കവും സര്‍വ്വോപരി റ്റീം പ്രവര്‍ത്തനങ്ങളുമെല്ലാം ഫുട്‌ബാള്‍ കിരീടത്തില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നു. രാജ്യം ഒരു വ്യവസ്ഥമാത്രമാണു്, സ്കില്‍ഡ് ആയ കളിക്കാരില്ലെങ്കില്‍ രാജ്യത്തിനൊന്നും ചെയ്യുവാന്‍ കഴിയില്ല. പാട്ടുപാടാന്‍ കഴിവില്ലാതെ ജനിച്ച ഒരു ജനതയെ കൂട്ടം ചേര്‍ത്തു നിര്‍ത്തി പാട്ടുപാടിപ്പിച്ചു പഠിപ്പിച്ചാല്‍ അവരൊക്കെ ഗായകരാകുമോ? ഫുട്‌ബാള്‍ കുറെയേറെ ജന്മസിദ്ധമായ കഴിവുകളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടു വളരുമ്പോള്‍ ക്രിക്കറ്റും ഹോക്കിയും സ്ഥിരോത്സാഹത്തിന്റെയും അദ്ധ്വാനശേഷിയുടെ മികവില്‍ വളര്‍ന്നുപോകുന്ന കളിയാണു്. പണ്ടു ക്രിക്കറ്റ് എന്നൊരു പോസ്റ്റിലും ഞാനിതു തന്നെ പറഞ്ഞിരുന്നു, എന്റെ തിയറി ഒന്നുകൂടെ വിശദീകരിച്ചെന്നുമാത്രം.

മന്‍‌ജിത്തേ നൂറുകോടി+ ജനങ്ങളില്‍ ഒരു പാപ്പച്ചനും ബൂട്ടിയയുമാണു് “കഴിവുകള്‍” കൊണ്ടുമാത്രം രാജ്യാന്തരനിലവാരത്തിലേയ്ക്കുയര്‍ന്നതു് എന്നുള്ളതു തന്നെ എന്റെ തിയറി ശരിയാണെന്നു വിശ്വസിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

എല്‍.ജി ജില്ലാ ഫുട്ബാള്‍ റ്റീം സെലക്ഷന്‍ കണ്ടിട്ടുണ്ടോ? അതിനുവേണ്ടി നടക്കുന്ന മത്സരങ്ങളും തയ്യാറെടുപ്പുകളും ശ്രദ്ധിച്ചിട്ടുണ്ടോ? കാര്യമായ ഉത്സാഹത്തോടും ശ്രദ്ധയോടും കൂടിയാണു് ഇതെല്ലാം നടത്തപ്പെടുന്നതു്. മികച്ച കളിക്കാരില്‍ ചിലര്‍ നെപ്പോട്ടിസത്തിന്റെ ഇരകളായി പുറംതള്ളപ്പെട്ടും, ജാതിവര്‍ഗ്ഗീയ ചിന്തകളില്‍ മറ്റുചിലര്‍, എന്നിരുന്നാലും ജില്ലാടിസ്ഥാനത്തില്‍ കുറെയൊക്കെ നല്ല കളിക്കാര്‍ എല്ലാക്കൊല്ലവും റ്റീമില്‍ ഇടം പിടിക്കുന്നു, പിന്നെ സ്റ്റേറ്റ് ടീം സെലക്ഷന്‍... ഒക്കെ നല്ല സംഘാടകത്വത്തില്‍ തന്നെയാണു നടക്കുന്നതു്. പിന്നെ ഒരു മറുവാദം പറയുവാനുള്ളതു്, ആദിവാസികളിലേയും, അതുപോലെ പിന്നോക്കവിഭാഗക്കാരുടെയും സമൂഹത്തില്‍ നിന്നും വന്നേയ്ക്കാവുന്ന കളിക്കാരെക്കുറിച്ചാണു് - സത്യത്തില്‍ അവര്‍ അവസരം നിഷേധിക്കപ്പെട്ടവരാണു്, എന്നിരുന്നാലും ലോകനിലവാരത്തില്‍ തന്നെ “അനതിസാധാരണമാംവിധം” കഴിവുള്ള കളിക്കാരൊന്നും അവരുടെ ഇടയില്‍ നിന്നും വരുമെന്നു് പ്രതീക്ഷിക്കേണ്ടാ. “കറുമ്പനു ബുദ്ധിയില്ലെങ്കില്‍ കുറെയൊക്കെ പഠിപ്പിച്ചു നേരെയാക്കാം, പക്ഷെ പാട്ടുപാടുവാന്‍ അറിയാത്ത കറുമ്പനെ പാട്ടുകാരനാക്കാം എന്നു മോഹിക്കുന്നതും, ഇടംകാല്‍ സ്വാധീനമില്ലാത്ത കറുമ്പനു കോച്ചിങ് കൊടുത്തു ലെഫ്റ്റ്‌വിങ് ഫോര്‍വേഡ് ആക്കുവാന്‍ മോഹിക്കുന്നതും അസംബന്ധമാവില്ലേ?”

ബ്രിട്ടീഷുകാര്‍ നോണ്‍-മാര്‍ഷല്‍ എന്ന വിഭാഗത്തില്‍ പെടുത്തി ബ്രിട്ടീഷ്-ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും ഒഴിവാക്കിയ ദ്രാവിഡനും ബംഗാളിയുമാണു് 90 മിനുട്ട് ഫു‌ട്ബാള്‍ അധികവും കളിക്കുന്നതു് എന്നോര്‍ക്കണം (ഈ വിഭാഗത്തില്‍ പെടാത്ത ഇന്ത്യക്കാരാണു വടക്കുമുഴുവന്‍, അവരും ഫുട്‌ബാളില്‍ ഒന്നുമായില്ല) ഫുട്‌ബാള്‍ കളിക്കുവാനുള്ള കായികക്ഷമതയുടെ കുറവ് ഇന്ത്യാക്കാര്‍ക്കില്ല, കുറവ് "skillset" ന്റെയാണു്, അതു പ്രസിഡന്റു തന്നെ നേരിട്ടു് കളിക്കാരെ വളര്‍ത്തുവാന്‍ തുനിഞ്ഞാലും മാറുമെന്ന് തോന്നുന്നില്ല.

രാജ് said...

ഓ! എല്‍.ജി ഉത്തരം ചോദ്യമായി ചോദിച്ചു ആളെ വട്ടാക്കുകയാണോ?

ചോദ്യം: അപ്പൊ എന്തേ അമേരിക്കയില്‍ ‘രക്തവും‘
‘പൈസായും‘ ‘ന്യൂട്രീഷനും‘ ഒക്കെ ഉണ്ടായിട്ടു നല്ലതായി കളിക്കുന്നില്ല?

ഇതല്ലെ അതിനുശേഷമുള്ള എല്‍.ജിയുടെ ചോദ്യത്തിനുള്ള ഉത്തരം? ഒളിമ്പിക്സിലെ സ്വര്‍ണ്ണം മുഴുവന്‍ വാരിക്കൊണ്ടുപോകുന്ന അമേരിക്കയിലാണോ സംഘടിതശ്രമങ്ങള്‍ക്കു കുറവ്? രക്തവും പൈസയും ന്യൂട്രിഷനും ഉണ്ടെന്നു എല്‍.ജി തന്നെ പറയുന്നു, എന്നിട്ടും?

Manjithkaini said...

നമ്മുടെ നാട്ടുമ്പുറങ്ങളില്‍ സ്കില്‍‌സെറ്റ് ഇല്ല എന്നു പറഞ്ഞാല്‍ ഞാന്‍ യോജിക്കില്ല പെരിങ്ങോടാ. ഫുട്ബോളില്‍ ജന്മസിദ്ധമായ കഴിവ് എന്നു പറഞ്ഞാല്‍ എന്താണ്. ജീനിന്റെ ബലത്തില്‍ ഫുട്ബോള്‍ പഠിച്ച് ആരും പുറത്തുവരുന്നില്ല എന്നാണെനിക്കു തോന്നണത്. മറിച്ച്, ജനിച്ചു വീഴുന്ന ദേശത്തെ മൈതാനങ്ങളിലെ ആരവവും മറ്റും ഒരു കുട്ടിയെ പന്തുതട്ടാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അവിടെ ഫുട്ബോള്‍ വളരാനുള്ള മണ്ണായി. ഈ സ്വതസിദ്ധമായ സ്കില്‍‌സെറ്റ് വളര്‍ത്തുവാനുള്ള സംവിധാനങ്ങള്‍ നമ്മുടെ രാജ്യത്തില്ല എന്നതാണു പ്രശ്നം. ഫുട്ബോള്‍ ഭരണാധികാരികള്‍ വരുത്തുന്ന പിന്തിരിപ്പന്‍ പരിഷ്കാരങ്ങള്‍ വേറെയും. എല്ലാ രാജ്യത്തെയുമ്പോലെ പ്രഫഷണല്‍ ലീഗില്ലാത്തതാണു പ്രശ്നം എന്നു പറഞ്ഞ് നമ്മുടെ നാട്ടിലും ദേശീ‍യ ലീഗു തുടങ്ങി. പ്രഫഷണല്‍ ലീഗ് എന്ന പേരു മാത്രമേ നമ്മള്‍ അനുകരിച്ചുള്ളൂ. നമ്മുടെ എത്ര ക്ലബുകള്‍ക്ക് സീനിയര്‍ ടീമിനു പുറമേ, ജൂനിയ, സബ് ജൂനിയര്‍ തലത്തില്‍ ടീമുകളുണ്ട്. എന്റെ അറിവില്‍ എല്ലാ രാജ്യങ്ങളിലും ഇതൊക്കെയുണ്ട്. മെസിയോ, റോണാള്‍ഡൊയോ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളയ്ക്കുന്നതല്ല. പന്തിനു പുറകേ പോയ അവരുടെ ബാല്യത്തെ ശരിയായി വാര്‍ത്തെടുക്കാനുള്ള സംവിധാനങ്ങള്‍ വര്‍ഷങ്ങളായി അവിടെയൊക്കെയുണ്ട്. ഇതില്ലാത്തതിനാലാണ് നമ്മുടെ നാട്ടില്‍ താരങ്ങള്‍ ഒറ്റപ്പെട്ടു പിറക്കുന്നത്. ഫുട്ബോളിനെ താലോലിക്കുന്ന എത്രയോ ഗ്രാമങ്ങള്‍ കേരളത്തില്‍ത്തന്നെയുണ്ട്. അവിടെയൊക്കെ പന്തു തട്ടി നടക്കുന്ന കൊച്ചുകുട്ടികളുമുണ്ട്. അവര്‍ക്കു കളിച്ചു വളരാന്‍ ഒരിടമില്ല എന്ന പ്രശ്നമേയുള്ളു. ചുരുക്കിപ്പറഞ്ഞാല്‍, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലും മറ്റനേകം രാജ്യങ്ങളിലും ഒരു കുട്ടി പന്തു തട്ടുന്നത് അവന്റെ നാലാമത്തെയോ അഞ്ചാമത്തെയോ വയസില്‍ കാണേണ്ടവര്‍ കണ്ടിരിക്കും. നമ്മളോ, ഒരു താരത്തെ തിരിച്ചറിയുമ്പോഴേക്കും അവന്റെ നല്ല പ്രായം കഴിഞ്ഞിരിക്കും.

Unknown said...

മഞ്ജിത് പറഞ്ഞത് പോലെ ജീനിന്റെ ബലത്തില്‍ ആരും ഫുട്ബോള്‍ പഠിക്കുന്നില്ല.മലബാറില്‍ നിന്ന് വരുന്ന എനിക്ക് ഫുട്ബോള്‍ വളരാനുള്ള മണ്ണ് എങ്ങിനെ ഒരു കുട്ടിയെ പന്ത് തട്ടാന്‍ പ്രേരിപ്പിക്കുമെന്ന് അനുഭവത്തില്‍ നിന്നും അറിയാം.പന്ത് തട്ടി തുടങ്ങുന്ന കുട്ടിയെ ദേശീയ തലത്തില്‍ പ്രോത്സാഹിപ്പിക്കുവാനും തന്റെ കളി അന്താരാഷ്ട്രനിലവാരവുമായി താരതമ്യം ചെയ്ത് മാര്‍ഗനിര്‍ദേശം നല്‍കുവാനുമാണ് സംവിധാനമില്ലാത്തത്. അന്താരാഷ്ട്ര നിലവാരമുള്ള പരിശീലകര്‍ ഇപ്പോള്‍ ദേശീയ ടീമിനോ വമ്പന്‍ ക്ലബ്ബുകള്‍ക്കോ മാത്രമാണുള്ളത്.ചെറിയ പ്രായത്തിലാണ് ഈ കോച്ചിങ്ങ് ലഭ്യമാക്കേണ്ടത്.

ഇന്ത്യയുടെ അണ്ടര്‍ 19,15 ടീമുകള്‍ക്ക് പറയുന്ന പണം നല്‍കി വിദേശ പരിശീലകരെ കൊണ്ട് വരണം.ആവശ്യമെങ്കില്‍ ഫുട്ബോള്‍ അസോസിയേഷന്‍ ധനസഹായം നല്‍കി ക്ലബ്ബുകളില്‍ യൂത്ത് ടീം നിര്‍ബന്ധമാക്കണം. ജില്ലാ തലത്തില്‍ നിന്ന് ദേശീയ യൂത്ത് ടീമിനെ തെരഞ്ഞെടുക്കണം.ഇതിനെല്ലാം ഭരണാധികാരികള്‍ കനിയണം. ഇന്ത്യയിലെ ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന ദേശീയ കായിക ഭരണാധികാരികളാണ് ഫുട്ബോള്‍ ഫെഡറേഷന്‍. People are sick and tired of them.

ഇന്ത്യന്‍ ഫുട്ബോള്‍ ഡോട്ട് കോം പോലുള്ളവര്‍ നേരിട്ട് എന്തെങ്കിലും ചെയ്താല്‍ അത് നടക്കുമെന്നല്ലാതെ ഫെഡറേഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവരോട് എനിക്ക് സഹതാപമാണ് തോന്നുന്നത്.

Anonymous said...

കല്യാണത്തിന്റെ സാരീ സെലെക്ഷന്‍ മാത്രം കണ്ടിട്ടുള്ള എന്നോടൊക്കെ ഫുഡ്ബാള്‍ സെലെക്ഷന്‍ കണ്ടിട്ടുണ്ടൊ എന്നൊക്കെ ചോദിച്ചാലു ഞാന്‍ എന്താ പറയാ പെരിക്കുട്ടീ?

മഞ്ജിത്തേട്ടാ, ഇതായിരിക്കുമല്ലെ ഈ ഭാഷാവരം? ;-) ഒരു അഞ്ച് മിനിട്ടില്‍ കൂടി ഞാന്‍ ഈ കളി കണ്ടിട്ടില്ല. എന്നിട്ടു ആ പോസ്റ്റില്‍ വന്നു ഏതാണ്ടൊക്കെ പറയുന്നു..

എന്നാലും എന്റെ പെരീക്കുട്ടീ.. പാട്ടു പാടാന്‍ ഒരു ജനത, ഫുട് ബാള്‍ കളിക്കന്‍ ഒരു ജനത,
അതില്‍ തന്നെ ആര്യന്മാര്‍ കളിയെ കുറിച്ചു അറിയണില്ല്യ, ദ്രാവിഡന്മാരാകട്ടെ ടി.വിയില്‍ കളി കാണണു എന്നൊക്ക പറഞ്ഞാലും ഇച്ചിരെ കടുപ്പം തന്നെയാണേ...

വെള്ളക്കരന്റെ മാത്രമായ ട്ടെന്നീസില്‍ വില്ല്യംസ് സിസ്റ്റര്‍മാര്‍ കാണിക്കുന്ന കസര്‍ത്തു കാണുമ്പൊള്‍ എന്താണവൊ താങ്കള്‍ പറയാ? ഒരു സെറീനാ അല്ലെങ്കില്‍ ഒരു വീന്‍സ് വില്യംസേ ഉള്ളൂന്നൊ?

അപ്പൊ ദെ അവിടെ കാട്ടിനുള്ളില്‍ ഒരു ശരിയായ പുലിക്കുട്ടന്‍ ..ട്ടൈഗര്‍ വുഡ്സ് നില്‍ക്കുന്നു..
വെറുതേ നിക്കുവല്ല,ചാമ്പ്യന്‍ ഷിപ്പുമടിച്ചു..

പിന്നെ ഇവരൊക്കെ ഗോള്‍ഫ് കളിക്കാന്‍ ഒരു ജനത,ട്ടെനീസ് കളിക്കാന്‍ ഒരു ജനത എന്നൊക്കെയുള്ള ബാലിശമായ ന്യായങ്ങള്‍ ഒക്കെ പറഞ്ഞിരുന്നെങ്കില്‍ എന്തായനെ കഥ?

ഞാന്‍ ചോദ്യവും ഉത്തരവും ഒന്നും ചോദിച്ചതല്ല.
ചോദ്യം തന്നെ ചോദിച്ചതാണു, അമേരിക്കയില്‍ സോക്കര്‍ പെണ്ണുങ്ങളുടെ കളി എന്നു പറഞ്ഞു തരം താഴ്ത്തി ഇട്ടേക്കുവാണു.അതുകൊണ്ടാണു അമേരിക്കകാര്‍ അവിടെ വന്നു ചെറിയ ചെറിയ രാഷ്ട്ട്രങ്ങളോടു തോക്കുന്നതു. പിന്നെ അമേരിക്കക്കാര്‍ ഒരു കളി കളിക്കണമെങ്കില്‍ നല്ല പൈസാവും,സ്പോണ്‍സര്‍ഷിപ്പും എണ്ടോര്‍സ് മെന്റും ഒക്കെ വേണം. അല്ലാണ്ടു ഒരു 45 മിനുട്ടു കളിയില്‍ രണ്ടു മണിക്കൂര്‍ കമ്മേര്‍സ്യല്‍ ബ്രേക്ക് ഇല്ലാത്തെ ഒരൊറ്റ കളിയും അവരു കളിക്കൂല്ല..

അപ്പൊ ഞാന്‍ പറഞ്ഞു വന്നതു, എനിക്കു തോന്നുന്നതു അമേരിക്കക്കാര്‍ക്കും നമക്കും ഫോക്ക്സ് ഫുഡ്ബാളില്‍ ഇല്ല എന്നാണു..അത്രേ ഉള്ളൂ..അല്ലാണ്ടു ജനതയും രക്തവും ഒന്നുമല്ല..
അതൊക്കെ കുറേ മുട്ടന്‍ ന്യായങ്ങള്‍.

അല്ലെങ്കില്‍ പിന്നെ പ്ലാസ്റ്റിക്ക് കവറുകള്‍ പെറുക്കി നടന്ന വിജയന്റെ അമ്മക്കു എന്തു ജീന്‍ ഉണ്ടായിട്ടാണു വിജയന്‍ ഒരു ഫുഡ് ബാള്‍ കളിക്കാരന്‍ ആയതു?

പിന്നെ ഇങ്ങിനെ ഇന്നതിനു ഇന്ന ജനത എന്നൊക്ക പറയുന്ന കാലമൊക്കെ മാറി. നമ്മുടെ ഒക്കെ മനസ്സീന്നും മാറ്റണ്ട നേരമായിരിക്കുന്നു.. എന്നു എനിക്കു തോന്നുന്നു.

പാപ്പാന്‍‌/mahout said...

(എന്നെ ഇടയ്ക്കൊക്കെ പേരുമാറി “തണുപ്പന്‍“ എന്നൊക്കെ വിളിക്കുമെങ്കിലും എല്‍‌ജിയോട് എനിക്കു ഭയങ്കര റെസ്‌പെക്റ്റാണ്‍ -- പ്രത്യേകിച്ചും ഈ മുകളിലെഴുതിയിരിക്കുന്ന പോലത്തെ കമന്റുകള്‍ വായിക്കുമ്പോള്‍)

ഉമേഷ്::Umesh said...

അതല്ലേ പാപ്പാനേ ഞാന്‍ എല്‍‌ജിയെ ജീനിയസ്സ് എന്നു വിളിച്ചതു്. അതുകേട്ടിട്ടെല്‍ജി എന്റെ തലയ്ക്കടി കൊണ്ടോ, ഗുളിക മാറിക്കഴിച്ചോ എന്നു വര്‍ണ്ണ്യത്തിലാശങ്ക. എന്റെ ദൈവമേ, ഇതും ജീനിയസ്സുകളുടെ സ്വഭാവമാണോ?

രാജ് said...

എല്‍.ജി ഇന്ത്യക്കാരു കളിച്ചു തുടങ്ങിയ ചെസ്സില്‍ റഷ്യക്കാര് കളിച്ചുനേടിയ പ്രശസ്തി ഒരു exception അല്ല (ടെന്നീസ് വെള്ളക്കാരുടെ കളി എന്നു പറഞ്ഞപ്പോള്‍ പറഞ്ഞു എന്നുമാത്രം - ആരു കളിച്ചു തുടങ്ങി എന്നതല്ല കാര്യം) മറിച്ചു ഐ.എം.വിജയന്‍ ഫുട്‌ബാളില്‍ ഒരു exception ആണു്. ഞാന്‍ generalization -ന്റെ ആക്സിസില്‍ സംസാരിക്കുന്നു, എല്‍.ജി അതിലെ exceptions പൊക്കിയെടുത്തു മറുവാദം ഉന്നയിക്കുന്നു. പ്രത്യക്ഷത്തില്‍ വാദം ഫലവത്താണു്, പക്ഷെ അതു് ആന എന്നു പറയുമ്പോള്‍ ചേന എന്നു പറയുന്നതുപോലെയാണെന്നു മാത്രം.

നമുക്കാര്‍ക്കും ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല, അതേ സമയം അപ്രകാരം ചെയ്തിരുന്നുവെങ്കില്‍ അതിനെ exceptional എന്നു വിശേഷിപ്പിക്കേണ്ടി വന്നേന്നെ (എല്‍.ജിക്കു ബില്‍ ഗേറ്റ് ആവാന്‍ കഴിയാഞ്ഞിട്ടാണോ?) ഒരു സംഘം അനിമ‌ല്‍‌സിനെ (മനുഷ്യന്‍ തന്നെ) നിരീക്ഷിക്കുകയാണെങ്കില്‍ ആ സമൂഹത്തിനു പരിമിതികളുണ്ടു്, അത്തരം പരിമിതികള്‍ക്കു കാരണമന്വേഷിച്ചു പോവുകയാണെങ്കില്‍ മിക്കവാറും അതിലൊരു കാരണം ജീന്‍ പൂളില്‍ തട്ടി നില്‍ക്കും.

“ഇന്നതിനു ഇന്ന ജനത” എന്ന വാക്യം ഒരു ക്ലീഷേയാകുന്നതു് അമേരിക്കയിലെയും ദുബായിലേയും ടാക്സി ഡ്രൈവര്‍മാര്‍ പാകിസ്താനികളും പഞ്ചാബികളും എന്നിങ്ങനെയാകും, അതൊരിക്കലും മാരത്തോണ്‍ ഓടുന്ന ഇന്ത്യക്കാരന്റെ പേരിലല്ല, കാരണം അതു ക്ലീഷെയല്ല ഫാക്റ്റാണു്.

മനുഷ്യനും സമൂഹവും രണ്ടും രണ്ടാണു്, അല്ലെങ്കില്‍ ഗ്രീക്കുകാര്‍ മുഴുവന്‍ അലക്സാണ്ടറായേന്നെ, സൌദികള്‍ മുഴുവന്‍ ബിന്‍ ലാദന്മാരായേന്നെ. ഒരു വ്യക്തിയുടെ അബ്സ്ട്രാക്ഷനല്ല ഒരിക്കലും ഒരു സമൂഹം, നേരെ തിരിച്ചാണു്, അതുകൊണ്ടുതന്നെ ലാറ്റിനമേരിക്കയില്‍ നിന്നും എനിക്കു് ഇനിയും മറഡോണമാരെ പ്രതീക്ഷിക്കാം, പക്ഷെ കേരളത്തില്‍ നിന്നു ഐ.എം.വിജയനെയോ പാപ്പച്ചനേയോ പ്രതീക്ഷിക്കുവാന്‍ കഴിയില്ല.

(ഫുട്‌ബാള്‍ കളിയരങ്ങിലെ ജയപരാജയങ്ങള്‍ക്കു പിന്നില്‍‍ ജീനുകള്‍ എന്ന ഒരൊറ്റ കാരണം മാത്രമാവില്ല, പക്ഷെ ഒഴിവാക്കാനാവാത്ത ഒരു കാരണം തന്നെയാണു്.)