Thursday, March 16, 2006

ലാല്‍ സലാം വി.എസ്.

സഖാവ് വി. എസിനോട് എനിക്കെന്നും ആരാധനയാണ്. അതിനല്‍‌പം പോലും കുറവുവന്നിട്ടില്ല. എവിടെയോ ഒരു കസേരകണ്ടു പനിക്കാതെ ജനസേവനത്തിനിറങ്ങി നടന്ന് ഒന്നുമില്ലാതെ കടന്നുപോയ ഒരു വല്യപ്പന്റെ കൊച്ചുമകന്‍ വി എസിനോടെങ്കിലും ചേര്‍ന്നു നില്‍ക്കണം; അതാണല്ലോ കാവ്യനീതി.

പക്ഷേ ഞാനീ ചേര്‍ന്നു നില്‍ക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിപട്ടികയില്‍ സഖാവ് അച്യുതാനന്ദനു സ്ഥാനമില്ല എന്ന വാര്‍ത്ത കേട്ടിട്ടുമല്ല. ഉള്ളിന്റെയുള്ളില്‍ എന്തായിരുന്നാലും മറ്റുള്ളവരുടെ യാതൊരു പ്രേരണയുമില്ലാതെ അദ്ദേഹം നടത്തിയ ജനകീയ ഇടപെടലുകളെയോര്‍ത്താണ് ഞാനദ്ദേഹത്തെ നമിക്കുന്നത്.

സാധാരണക്കാരന്റെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ കേരളത്തില്‍ ചിലപ്പോഴെങ്കിലും ജനപക്ഷത്തു നിന്നു സംസാരിച്ച ഒരേയൊരു രാഷ്ട്രീ‍യ നേതാവേയുള്ളു. അതു വി.എസ്.അച്യുതാനന്ദനാണ്.

മലമ്പുഴ ഡാമില്‍ അടിഞ്ഞുകൂടുന്ന ചെളിമണല്‍ വാരാനെന്ന പേരില്‍ ഡാമിലേക്കുവരുന്ന പുഴകളിലെ മണല്‍‌വരെ കടത്തുന്ന പകല്‍‌ക്കൊള്ള കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ ആശയങ്ങളോടു പലപ്പോഴും സമരംചെയ്യുന്ന ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുമ്പോഴും, ഞാന്‍ വിളിച്ചത് വി. എസിനെയാണ്. ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍ കലക്ടര്‍ പോലും മൂക്കിനുതാഴെ കവ-കൂട്ടുകല്‍ പ്രദേശത്തു നടന്ന ആ മണല്‍ക്കൊള്ള കാണാനെത്തിയത് എണ്‍‌പതു കഴിഞ്ഞ വി.എസ്. മലകയറി വന്ന ശേഷമാണ്.

കേരളത്തിന്റെ മുക്കിലും മൂലയിലും ഇതുപോലെ ഒരുപാട് ജനകീയ പ്രശ്നങ്ങള്‍ വി.എസ്. മൂലം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളും വെള്ളക്കോളര്‍ വര്‍ഗങ്ങളും പലപ്പോഴും അവയെ വികസനവിരുദ്ധ ഇടപെടലുകള്‍ എന്നു വിളിച്ച് പുച്ഛിച്ചിട്ടുമുണ്ട്.

ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രിക്കസേരയെന്ന കനകസിംഹാസനം സ്വപ്നംകണ്ടാണ് സഖാവ് വി.എസ്. ഈ ജനകീയ ഇടപെടലുകള്‍ നടത്തിയതെന്നു കരുതാന്‍ എനിക്കാവുന്നില്ല. തീയില്‍ കരുത്ത ഒരു കമ്മ്യൂണിസ്റ്റിന്റെ സ്വാഭാവിക പ്രതികരണങ്ങളായേ എനിക്കതിനേ കാണാനൊത്തിട്ടുള്ളൂ.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട അച്യുതാനന്ദന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമൊഴുകുന്ന മുതലക്കണ്ണീരിന്റെ ഉപ്പുരസം എന്റെ മനമ്പിരട്ടുന്നുണ്ട്. വി.എസിന്റെ ഇടപെടലുകളെ വികസനവിരുദ്ധമെന്നു വിശേഷിപ്പിച്ച മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ പറയുന്നത് ഈ ഇടപെടലുകളൊക്കെ നടത്തിയ വി.എസ്സായിരുന്നു കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് എന്നാണ്.

കൊയ്യുന്ന വയലെല്ലാം തങ്ങളുടേതാക്കാമെന്ന സ്വപ്നത്തിനു ചുറ്റും പണിയെടുത്ത കര്‍ഷകത്തൊഴിലാളികളുടെ കൊയ്ത്തുപാട്ടിനൊപ്പം പ്രസംഗിച്ചു വളര്‍ന്നവനാണു അച്യുതാനന്ദന്‍. അതുകൊണ്ടാവാം അദ്ദേഹത്തിന്റെ സംസാരശൈലിയില്‍ ഇത്രയും നീട്ടലും കുറുക്കലുമൊക്കെ. എന്നാല്‍ ആ ശൈലിയെ സിനിമാലയിലും കോമിക്കോളയിലും മിമിക്സ് തട്ടുകടകളിലും വിളമ്പി അങ്ങോരെ അച്ചുമാമന്‍ എന്ന ജനകീയ കോമഡിരൂപമാക്കി ഉയര്‍ത്തിയവര്‍പോലും ഈ കണ്ണീരൊഴുക്കില്‍ അവരുടേതായ ഒഴിക്കല്‍ നടത്തുന്നതു കാണുമ്പോള്‍ ചിരിക്കുകയല്ലാതെ എന്താ ചെയ്യുക.

മാധ്യമ വിശാരദന്മര്‍ നടത്തുന്ന ചില സ്വയമ്പന്‍ നിരീക്ഷണങ്ങള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. മാര്‍ക്സിറ്റു പാര്‍ട്ടിയിലെ പണാധിപത്യത്തിനെതിരേ വി.എസ്. പടനയിച്ചതുമൂലം അദ്ദേഹത്തിനു സീറ്റു നിഷേധിച്ചുപോലും.

ഇത്തരം നിരീക്ഷണത്തില്‍ നിന്നു മനസിലാകുന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ പണാധിപന്മാര്‍ എന്നു പറയുന്നത് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, എം.എ.ബേബി, എന്നിവരെയൊക്കെയാണ്. ഏറെക്കുറെ, അല്ല പൂര്‍ണ്ണമായും ശരിയാണ്. പണാധിപത്യത്തിനെതിരെ പടനയിക്കുന്നത് വി.എസ് ആണ്. അതും പൂര്‍ണ്ണമായും ശരിതന്നെ.

പക്ഷേ ഇപ്പറഞ്ഞ രണ്ടാം ചേരിയുടെ ചില പടനായകന്മാരെ കാണുമ്പോള്‍ എന്റെ മനസില്‍ ചില സംശയങ്ങളുണ്ട്. അവരില്‍ ചില പേരുകളാണ് എന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നത്. പത്തിരുപതുകൊല്ലം തെരുവില്‍ സമരം ചെയ്തതിന്റെ കേടുകളും കടപ്പാടുകളും രണ്ടുമൂന്നര വര്‍ഷം മന്ത്രിക്കസേരയിലിരുന്ന് ചെയ്തനുഭവിച്ചാസ്വദിച്ചു തീര്‍ത്ത എസ് ശര്‍മ്മയെന്ന പഴയ ഡിഫി, നവമാര്‍ക്സിസമെന്നാല്‍ ഇക്കണോമിക്സ് ടൈംസ് കൈകള്‍ക്കിടയില്‍ തിരുകലാണെന്നു ധരിക്കുന്ന, ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പദ്ധതിക്കെതിരേ സമരം നയിച്ച്, അതേ കൈകൊണ്ട് വി.ആര്‍.എസ്. വകുപ്പില്‍ നാലഞ്ചുലക്ഷം എണ്ണിവാങ്ങി, എം.പിയാകാന്‍ പോയ കെ. ചന്ദ്രന്‍‌പിള്ള, എന്നിങ്ങനെയുള്ളവരാണ് ഇപ്പറഞ്ഞ വി.എസ്. ചേരിയെ നയിക്കുന്നതെങ്കില്‍ വി.എസ്മാനിയക്ക് എവിടെയോ പിഴയ്ക്കുന്നുണ്ടെന്നു നിശ്ചയം.

ഈ സഖാക്കളെവച്ചാണ് വി.എസ്. ആശയ സമരം നടത്തുന്നതെങ്കില്‍ അതിനെ കേവലം ആമാശയ സമരം എന്നു വിളിക്കുകയാവും നല്ലത്. അങ്ങനെ ചിന്തിക്കുമ്പോള്‍ പിണറായി പക്ഷത്തുള്ളവരും വി.എസ്. പക്ഷത്തുള്ളവരും തമ്മിലുള്ള ഏകവ്യത്യാസം വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതമാണ്. ആ ജീവിതത്തെ മുന്‍‌നിര്‍ത്തി പാര്‍ട്ടിയിലും ജീവിതത്തിലും എന്തെങ്കിലും ചിലതു നേടാനുള്ള ചിലരുടെ ഗൂഢോദ്ദേശം മാത്രമാണ് വി.എസ്. അനുകൂല ഹിസ്റ്റീരിയായുടെ ചാലകശക്തിയെന്നു പെട്ടെന്നു വായിച്ചെടുക്കാം.

അതീവ രഹസ്യമായ പാര്‍ട്ടി വിശേഷങ്ങള്‍ ക്രിക്കറ്റിലെ കമന്ററേറ്ററേപ്പോലെ മനോരമയിലെ സുജിത് നായരെയും മംഗളത്തിലെ രാമചന്ദ്രനെയും മറ്റും വിളിച്ചറിയിക്കുന്ന സഖാക്കന്മാരുടെ മനസിലിരുപ്പ് മറ്റെന്താണ്.

കേരളത്തിലിപ്പോള്‍ പത്രത്തില്‍ പേരു വരണമെങ്കില്‍ വി.എസിനുവേണ്ടി ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചാല്‍ മതിയെന്നായിട്ടുണ്ട്.

സഖാവ് വി.എസ്. ഞാന്‍ താങ്കള്‍ക്കുവേണ്ടി ചിരിക്കുകയാണ്. താങ്കള്‍ മത്സരിക്കരുതെന്നും ഒരിക്കലും മുഖ്യമന്ത്രിയാകരുതെന്നും ആഗ്രഹിക്കുന്ന ഒരു പാവം മലയാളിയാണു ഞാന്‍. എന്റെ നാട്ടിലെ പുഴകളും, മരങ്ങളും, കായലുകളും, നെല്‍‌വയലുകളും കുറച്ചു നാള്‍ക്കൂടിയെങ്കിലും നിലനില്‍ക്കണമെങ്കില്‍ താങ്കള്‍ മുഖ്യമന്ത്രിയാകാതിരുന്നേപറ്റൂ.

രായിരനെല്ലൂര്‍ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റി അതേപോലെ തിരിച്ചറിക്കിയ ആ വിശുദ്ധ ഭ്രാന്തനെ ഓര്‍ക്കുക. എന്നിട്ട് മുഖ്യമന്ത്രിക്കസേര അധികാര പര്‍വ്വതങ്ങളിലേക്ക് വലിച്ചുകയറ്റി താങ്കള്‍ത്തന്നെ പുച്ഛത്തോടെ താഴേക്കിടുക. എന്നിട്ടു ചിരിക്കുക. മെല്ലെ നീട്ടിക്കുറുക്കി സഖാവിന്റെ അതേ താളലയത്തിലൊരു ചിരി. താങ്കളുടെ ആ ചിരിക്ക് എന്റെ വോട്ട്. ലാല്‍ സലാം.

11 comments:

Kumar Neelakandan © (Kumar NM) said...

ഈ ആഴ്ചയില്‍ പത്രങ്ങളില്‍ നിറഞ്ഞുനിന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ല.
ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാഫിയമണക്കുന്നു.
കച്ചവടതന്ത്രങ്ങളുടെ ചൂരുപരക്കുന്നു.
“മാച്ച് ഫിക്സിങ്ങിന്റെ“ അറപ്പുളവാക്കുന്ന ആര്‍പ്പുവിളികള്‍ ഉയരുന്നു.

കാട്ടിലും മേട്ടിലും നാട്ടിലും അനീതിക്കെതിരെ കഴുത്തുയര്‍ത്തി കൈകളെറിഞ്ഞു വാക്കുകള്‍ നീളത്തില്‍ വിളിച്ച് പറയുന്ന വി. എസ്. പടിയിറക്കത്തിലാണ്. ഒപ്പം ഇറങ്ങുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ബാക്കിയുണ്ടായിരുന്ന ഒരു തരി നന്മയാണ്.
ലാല്‍‌സലാം സഖാവേ. മിമിക്രിക്കാരുടെ പുളിക്കുന്ന ചേരുവകള്‍ ഇല്ലാത്ത ഒരു കൊച്ചു ലാല്‍‌സലാം. ഉഅയരത്തില്‍ ഉയരത്തിലൊരു ലാല്‍‌സലാം.

Anonymous said...

വികസന ന്യൂനപക്ഷ വിരുദ്ധന്‍ എന്ന പേരു പറഞ്ഞാണ്‌ സഖാവിനെ ഒതുക്കാന്‍ ശ്രമിക്കുന്നത്‌.വി.എസ്സ്‌ ഇടപെട്ട പ്രശ്നങ്ങളില്‍ ഒന്നും പാര്‍ട്ടിക്ക്‌ താത്‌പര്യമില്ല എന്നുകൂടിയല്ലെ ഇതു കാണിക്കുന്നത്‌? ഇന്ന്‌ വി.എസ്സിന്റെ കൂടെ നില്‍ക്കുന്നവരുടെ തനിനിറം കൂടി വെളിപ്പെടുത്തിയതിന്‌ മാന്‍ജിത്തിനു നന്ദി.

അരവിന്ദ് :: aravind said...

വി എസ്സിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നൊഴിവാക്കിയത് തികച്ചും ഉചിതമെന്നെനിക്കു തോന്നുന്നു.
അന്ധമായ സാമ്രാജിത്വവിദ്വേഷം മുതലാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വികസനങ്ങള്‍ക്കു തടയിടുന്ന സഖാക്കളേ, നിങ്ങള്‍ക്ക് വോട്ടില്ല.
പിണറായിക്കും, പാലൊളിക്കും അഭിവാദ്യങ്ങള്‍! പക്ഷേ ഇനിയും നന്നാവാനുണ്ട്-ഏറെ.

എന്റെ വോട്ട് മിടുമിടുക്കന്‍ കുഞ്ഞൂഞ്ഞിന്. ;-)

Manjithkaini said...

നോട്ടങ്ങളിലെ നോട്ടപ്പിശകുമൂലം എന്റെ പോസ്റ്റ് വി.എസ്. അനുകൂല പോസ്റ്ററുകള്‍ പോലെ പിന്മൊഴി ബ്ലോഗില്‍ നിറഞ്ഞൊഴുകിയതിന് ക്ഷമചോദിക്കുന്നു. ഇത്രയും പ്രതീക്ഷിച്ചില്ല.

Manjithkaini said...

കുമാറേട്ടാ,

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലാതായതോടെ വി.എസിനെ പടിയിറക്കുക എന്ന 'മനോര‌മ്യ' ചിന്തയില്‍ നമ്മളും വീഴേണ്ടതുണ്ടോ. അങ്ങനെയായാല്‍ ഈ ജീവിതകാലം മുഴുവന്‍ അങ്ങോര്‍ ചെയ്തതൊക്കെയും ഈയൊരു കസേരകണ്ടിട്ടാണെന്ന ചിന്ത വരില്ല്ലേ?. അപ്പോള്‍ പിന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ല്ല എന്നറിഞ്ഞപ്പോള്‍ ആദര്‍ശം കുട്ടയിലെറിഞ്ഞ് കളം‌മാറി ചവിട്ടിയ ചെറിയാന്‍ ഫിലിപ്പും വി.എസുമായി വ്യത്യാസമൊന്നുമില്ലാതാ‍കും.

Kumar Neelakandan © (Kumar NM) said...

എന്റെ ഉള്ളിലുള്ളത് പുറത്തുപറഞ്ഞാല്‍, സംഭവിച്ചത് ഒരു അനീതിയാണെങ്കിലും വി എസിനു സീറ്റ് കിട്ടരുത് നിയമസഭയിലെന്നല്ല ഒരിടത്തും. ഒരു മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ വായ അടയ്ക്കും അനീതിക്കും അഴിമതിക്കും എതിരേയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടും. ആ വ്യക്തി ഒരു രാഷ്ട്രീയക്കാരന്‍/ഭരണാധികാരി എന്ന നിലയില്‍ ഒതുങ്ങിപ്പോകും. ഇതു അധികാരത്തിന്റെ ഏറ്റവും മോശമായവശമാണ്.

ഇനി പടിയിറക്കത്തെക്കുറിച്ച്. ഈ ഒഴിവാക്കല്‍ ഉറപ്പായാല്‍ അത് അധികാരത്തിന്റെ ഇടനാഴിയില്‍ നിന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുമുള്ള വി. എസിന്റെ പടിയിറക്കമായിരിക്കും ഇത്. അതിനു മനോരമയുടെ വരികള്‍ കടം കൊള്ളേണ്ട ആവശ്യം നമുക്കു വരുന്നില്ല.

ഇനി മനോരമയിലേക്ക്. ഒരു ഹിഡന്‍ അജണ്ടപോലെ മനോരമ വച്ചു നടത്തിയ പ്രചരണം ആണിത്. എന്നും മനോരമ അതുമാത്രമേ നടത്തിയിട്ടുള്ളു. പിണറായി വിജയനെപ്പോലുള്ളവര്‍ അതിനുള്ള വഴിയൊരുക്കിക്കൊടുക്കുന്നു. ജോലിയുടെ ഭാഗമായി മനോരമയുമായി അടുത്തിട പഴകുന്നു. അത് തീര്‍ത്തും ഒരു പ്രൊഫഷണല്‍ ബന്ധം മാത്രം. അതു ഇതുമായി ചേര്‍ത്തുവായിക്കാതിരിക്കാന്‍ അപേക്ഷ.

myexperimentsandme said...

ഞാനാലോചിക്കുകയായിരുന്നു (സംഗതി നാടോടിക്കാറ്റാകുമെന്നറിയാം... എങ്കിലും)

വീയെസ്സ് പാർട്ടി വിട്ട് വരുന്നു...
കേരളത്തിലെ ജനലക്ഷങ്ങൽ ആത്‌മാർത്ഥമായി വീയെസ്സിന് വേണ്ടി വാദിക്കുന്നു...
വീയെസ്സ് മത്സരിക്കുന്നു... (ഒരു മൂന്നാം മുന്നണിയായി)
സീപ്പീയൈയ്യും ആറെസ്പി‌യും, ജേയെസ്സെസ്സും, സീയെമ്പീയും ഒരു കഷ്ണം കേകോണുമെല്ലാം ആവേശപൂർവ്വം വീയെസ്സിനു പിന്നിൽ...
വൃത്തികേട് കാണിക്കാത്ത അഴിമതിക്കാരല്ലാത്ത മനുഷ്യസ്നേഹമുള്ള കുറെ സ്ഥാനാർത്ഥികൽ വീയെസ്സിന്റെ കൂടെ...
ഒരെഴുപത്തിനാല് സീറ്റ് വീയെസ്സിന്റെ പാർട്ടിക്ക്.. ബാക്കി കോണിനും സീപ്പീയെമ്മിനും. വോട്ടൊന്നും വിറ്റില്ലേൽ ഒന്നുരണ്ട് ബീജേപ്പീക്കും

വീയെസ്സ് മുഖ്യൻ..

ആഭ്യന്തരം നമ്മുടെ മുന്നൈജീ (ആന്റണിസാറിന്റെ സമയത്തുണ്ടായിരുന്ന....)

വിദ്യാഭ്യാസം ഒരു നല്ല ദൂരക്കാഴ്ചയുള്ള ഒരു വിദ്യാഭ്യാസ വിദഗ്ദന് (വിചഷണൻ എന്നോ മറ്റോ ഉള്ള വാക്ക് മറന്നുപോയി)

കിളിരൂരിൽ ഒരു വിദഗ്ദ നിഷ്‌പക്ഷാന്വേഷണം, യാതൊരു ഇടപെടലുമില്ലാതെ...

ഐസ്‌ക്രീമും സൂര്യനെല്ലിയും അതുപോലെ..

മതികെട്ടാ‍നിലും അതുപോലെ..

ബേപ്പൂരിലും മാറാട്ടിലും മറഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചവരാരായിരുന്നാലും അവരെല്ലാം അകത്ത്..

യാതൊരു ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനവുമില്ല, ന്യായം മാത്രം.

കാശും പിടിയും കൂടുതലുള്ളവന് പ്രത്യേകിച്ച് വലിയ പ്രയോജനമൊന്നുമില്ലാത്ത ഭരണം...

കുറ്റം ചെയ്യ്‌തവനൊക്കെ അകത്ത്, ഏതു വലിയ കൊമ്പനായാലും, മുതലാളിയായാലും.

ഇപ്പോളുള്ള രണ്ടു മുന്നണിവന്നാലും ഇതൊന്നും നടക്കാൻ പോകുന്നില്ല.

വീയെസ്സൊട്ടു വരാനും പോകുന്നില്ല... ഇനി വന്നാലും നടക്കുമോ, യാതൊരു ഉറപ്പുമില്ല.. വീയെസ്സ് മാവേലിയൊന്നുമല്ലല്ലോ.

അതുകൊണ്ട്..... മൂവീ പ്ലസ്സിലെന്താ പടമെന്നു നോക്കട്ടെ

myexperimentsandme said...

കുമാറും മൻ‌ജിത്തും പറഞ്ഞത് ശരി.

വീയെസ്സ് നിക്കട്ടെ ഇങ്ങിനെ തന്നെ.. ഇതുപോലെ തന്നെ..

അഴിമതികൾക്കെതിരെയും കൊള്ളരുതായ്മകൾ‌ക്കെതിരേയും വേണ്ടപ്പോഴൊക്കെ ശബ്ദമുയർത്തട്ടെ (വീയെസ്സിനു വേണ്ടപ്പോളല്ല)
അങ്ങിനെയെങ്കിലും നാലുപേരറിയട്ടെ..

കോണും സീപ്പീയെമ്മും കുറെ പത്രങ്ങളും തമ്മിലുള്ള അഡ്‌ജസ്റ്റ്‌മെന്റ് രാഷ്ട്രീയം നടക്കുന്ന ഈ കാലഘട്ടത്തിൽ വീയെസ്സിനേപ്പോലുള്ള ചുരുക്കം ചിലരെങ്കിലും വേണം.

ശരിയാ.. വീയെസ്സ് അധികാരത്തിൽ വന്നാൽ അദ്ദേഹത്തിനും കൂച്ചുവിലങ്ങിടപ്പെടും. മാഫിയ അത്രയ്ക്ക് ശക്തം..

വീയെസ്സ് പാർട്ടിക്ക് പുറത്തും പോകേണ്ട.....

Anonymous said...

വീയെസ്സിന്റെ ഒപ്പം ഇത്രയും കാലം നിന്ന്‌ വലുതായി, എം.പിയായി, പിണറായി കണ്ണുരുട്ടിയപ്പോള്‍(?)വീയെസ്സിനെ ചീത്തവിളിച്ച്‌ ഇവിടെനിന്നും പോയ ഒരാളുണ്ടേ, ഭാര്യ സാംസ്കാരിക തലസ്ഥാനത്തെ ചെയര്‍ പേഴ്സണ്‍!അങനെ എത്രപേര്‍! ജനങളിതെല്ലാം അറിയുന്നുണ്ട്‌, മനോരമയോ മറ്റുള്ളവരോ എന്തുപറഞാലും. വോട്ടുകിട്ടീന്നുവരില്ല, ജയിച്ചു എന്നുവരില്ല പക്ഷെ “ആളുവില, കല്ലുവില”.
നമ്മുടെ ജനാധിപത്യവും സ്വാതന്ത്രവുമൊക്കെ മൂലധനാടിസ്ഥാനത്തിലല്ലേ? അതുള്ളവര്‍ ജയിക്കുമായിരിക്കും, ജയിച്ചോട്ടെ. മഞ്ചിത്ത്` പറഞപോലെ വീയെസ്സിന് എന്തിനു ജയിക്കണം? (വ്വാളെടുത്തവന്‍ വാളാല്‍ എന്നുതന്നെയാണേ വീയെസ്സിന്റേയും അവസ്ഥ. പണ്ട്‌ വെട്ടിനിരത്തലിന്റെ ആളായിരുന്നില്ലെ?)-സു-

കണ്ണൂസ്‌ said...

കാലത്തിനൊത്ത്‌ കോലം മാറണം എന്നു പറഞ്ഞ മാര്‍ക്‍സിന്റെ അനുയായികളാണെങ്കിലും, അത്‌ ചെയ്യാന്‍ തയ്യാറല്ല എന്നുള്ളതാണ്‌ കേരളത്തിലെ മാര്‍ക്സിസ്റ്റുകളുടെ കുഴപ്പം.

ലോകത്തിന്റെ വേഗത്തിനൊപ്പം നീങ്ങുവാന്‍ സാധിക്കില്ല എന്ന് തോന്നിയപ്പോള്‍ സ്ഥാനം വിട്ടൊഴിഞ്ഞ ഒരു മഹാരഥനും, അതിനു ശേഷം അധികാരമേറ്റെടുത്ത്‌ സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക്‌ റോക്കറ്റ്‌ വേഗം നല്‍കിയ ഒരു മുഖ്യമന്ത്രിയും സ്വന്തം പാര്‍ട്ടിയില്‍ തന്നെ വഴികാട്ടികളായി ഉണ്ടായിട്ടു പോലും.

അച്ചുതാനന്ദന്‍ എന്ന വ്യക്തി നടത്തുന്ന ഒറ്റയാന്‍ പോരാട്ടങ്ങളോട്‌ ആദരവുണ്ടെങ്കിലും, അദ്ദേഹം മുഖ്യമന്ത്രി ആവരുതേ എന്നാണ്‌ എന്റെ പ്രാര്‍ത്ഥന. ഇന്നത്തെ അവസ്ഥയില്‍, അത്‌ അധികാരം പിണറായി വിജയന്‍ എന്ന കോണ്‍ഗ്രസ്സ്‌ സംസ്കാരമുള്ള ഒരു പക്കാ രാഷ്ട്രീയക്കാരന്റെ കയ്യില്‍ പോയി ചേരുന്നതിന്‌ തുല്യമാവുമെങ്കില്‍ പോലും. അല്‍പമെങ്കിലും vision ഉള്ള ഒരു രാഷ്ട്രീയ നേതാവു പോലും മൂന്ന് മുന്നണികളിലെ ഒന്നാം തലമുറയിലോ രണ്ടാം തലമുറയില്‍ പോലുമോ ഇല്ല എന്നുള്ള ഭീതിദമായ അവസ്ഥയാണ്‌ കേരളത്തിന്‌ അഭിമുഖീകരിക്കാന്‍ ഉള്ളത്‌ എന്നിരിക്കേ, നമുക്ക്‌ അടുത്ത കുറേകാലത്തേക്ക്‌ കൂടി ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ല.

Anonymous said...

വി.എസ് വളരെയേറെ ജനകീയ സമരങ്ങള്‍ നയിച്ചു എന്നതു ശരിയാണ്. പക്ഷെ അവയെല്ലാം ജനങ്ങള്‍ക്ക് ഉപകാരപ്രമായിരുന്നോ എന്നു സംശയമുണ്ട്. തന്റെ ആവേശത്തിലും അല്പജ്ഞാനത്തിലും കുടുങ്ങി പല വികസനങ്ങള്‍ക്കും അദ്ദേഹം തുരങ്കം വച്ചിട്ടുണ്ടാകാം. വെട്ടൊന്നു മുറി രണ്ട് എന്ന ലൈന്‍ കേരളത്തിന്നു ഗുണമാണൊ ദോഷമാണോ ചെയ്തത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏന്നാല്‍ ഇന്നു, കേവലം ഒരു മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി സ്വന്തം പാര്‍ട്ടിയെപ്പോലും തള്ളിപ്പറയുന്ന വി.എസും അനുയായികളും അത്ര നിഷ്കളങ്കരാണോ???‍