Thursday, February 23, 2006

കൃഷ്ണന്‍‌നായരെക്കുറിച്ച്

അങ്ങനെ കൃഷ്ണന്‍‌നായരും മണ്‍‌മറഞ്ഞു. പ്രമുഖര്‍ മരിക്കുമ്പോള്‍ അവരേപ്പറ്റിയുള്ള കുറിപ്പുകള്‍ വായിക്കുക ഒരു കൌതുകമാണ്. കൃഷ്ണന്‍‌നായരേപ്പറ്റി മലയാള പ്രസിദ്ധീകരണങ്ങളില്‍ കുറിപ്പുകളുടെ പെരുന്നാളു തന്നെയുണ്ട്. എങ്കിലും മലയാള മനോരമയില്‍ ബി.മുരളി എഴുതിയ ലേഖനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു.

മുരളിയുടെ ചില നിരീക്ഷണങ്ങള്‍ കൃഷ്ണന്‍‌നായര്‍ക്കു നല്‍കാവുന്ന ഏറ്റവും മികച്ച മരണാനന്തര ബഹുമതിയാണ്.


*കൃഷ്ണന്‍‌നായര്‍ പണം കളഞ്ഞു വാങ്ങി വായിച്ച പുസ്തകങ്ങളുടെ ചെലവിലാണു കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി സാധാരണ മലയാളി മുട്ടത്തുവര്‍ക്കിയില്‍ നിന്നു മാര്‍ക്കേസിലേക്കു കുത്തിയിടപ്പെട്ടത്.

*പയ്യനോ വയോധികനോ എന്നില്ലാതെ സമകാലികമായ എല്ലാ സാഹിത്യ സൃഷ്ടികളും അവസാനകാലം വരെ വായിച്ചുപോന്ന നിരൂ‍പക സത്യ സന്ധത കൃഷ്ണന്‍‌നായരുടെ സ്വന്തമാണ്.

6 comments:

യാത്രാമൊഴി said...

--------------------------------
കൃഷ്ണന്‍‌നായര്‍ പണം കളഞ്ഞു വാങ്ങി വായിച്ച പുസ്തകങ്ങളുടെ ചെലവിലാണു കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി സാധാരണ മലയാളി മുട്ടത്തുവര്‍ക്കിയില്‍ നിന്നു മാര്‍ക്കേസിലേക്കു കുത്തിയിടപ്പെട്ടത്
--------------------------------

വാസ്തവം!
വിശ്വസാഹിത്യത്തിലെ ചില ഉജ്ജ്വലസൃഷ്ടികളിലേക്ക് ഇദ്ദേഹം ഒരു വഴികാട്ടിയായിരുന്നു എന്റെ കാര്യത്തിലെങ്കിലും.

പതിവു യാത്രകള്‍ക്കിടയില്‍ വെള്ളയമ്പലത്തും പാളയത്തും ഒക്കെ വെച്ച് കയ്യില്‍ നിറച്ച് പുസ്തകങ്ങളുമായി ഇദ്ദേഹം നടന്നു പോകുന്നത് ദൂരെ നിന്നാണെങ്കിലും ആദരവോടെ നോക്കിയിട്ടുള്ളത് ഓര്‍ക്കുന്നു.

അന്തരിച്ച ഈ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍!

പെരിങ്ങോടന്‍ said...

ഒരു കൃതിയെ, അല്ലെങ്കില്‍ ഒരു മാധ്യമത്തെ, സിനിമയെ എല്ലാം എന്തിനാണു് വിമര്‍ശിക്കുന്നതെന്നു ഇപ്പോള്‍ സാധാരണ കാണുന്ന ചോദ്യമാണ്. തിരഞ്ഞെടുക്കുവാന്‍ ഒരുപാടുള്ളപ്പോള്‍ നിലവാരമില്ലാത്തവ വായിച്ചും/കണ്ടും/ആസ്വദിക്കുവാന് ശ്രമിച്ചും വിമര്‍ശിക്കുവാന്‍ നടക്കുന്നതെന്തിനെന്നു് എന്നാവും ചോദ്യകര്‍ത്താവിന്റെ വിവക്ഷ. “ചീത്ത സാഹിത്യം സമൂഹത്തിനു നേരെയുള്ള കുറ്റകൃത്യമെന്നു്” തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചിട്ടുള്ള മനുഷ്യസ്നേഹിയാണ് കൃഷ്ണന്‍നായര്‍. അദ്ദേഹത്തിന്റെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തിനു തീരാനഷ്ടമാണു്.

സൂഫി said...

വാ‍യനയുടെ ഗുരുവിന് ആദരാഞ്ജലികള്‍!

കൂമന്‍ said...

അവസാനത്തെ ബസ്സിനു വന്ന് അഭിപ്രായം രേഖപ്പെടുത്തിക്കളയാം. മരിച്ചവരെ വിമര്‍ശിക്കുന്നത് പാപമാണോ ആവോ? എന്നാലും പറയാം. അദ്ദേഹത്തിന്റെ സാഹിത്യ വിമര്‍ശനങ്ങള്‍ ഉപരിപ്‌ളവമായിരുന്നില്ലേ എന്നു സംശയം. പാശ്ചാത്യത്തേതെല്ലാം കേമം,നമ്മുടേതൊക്കെ രണ്ടാമത് എന്നു (എന്നേപ്പോലുള്ള) വിവരമില്ലാത്തവര്‍ക്കു തോന്നും വിധമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശങ്ങളേറെയും. കൂട്ടത്തില്‍ സ്ത്രീകളോടും സ്ത്രീ രചനകളോടും പലപ്പോഴും ഒരുതരം conservative സമീപനം പുലര്‍ത്തിയിരുന്നു. സാഹിത്യ വിമര്‍ശനത്തെപ്പറ്റി ആധികാരികമായി പറയാനും വണ്ണം ഒന്നും ഞാന്‍ വായിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ കാലം ഈ പംക്തി കൈ കാര്യം ചെയ്തിരുന്നു എന്നത് അഭിമാനകരമായ നേട്ടം തന്നെ. അതിനപ്പുറം, വിമര്‍ശന രംഗത്ത് “സാഹിത്യ വാരഫലത്തിന്‍” സ്ഥായിയായ സ്ഥാനമുണ്ടോ? (സാഹിത്യ വാരഫലം മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളു.)

Adithyan said...

മലയാളിയെ കലാകൌമുദിയിലെ അവസാനത്തെ പംക്തി ആദ്യം വായിക്കാന്‍ പ്രേരിപ്പിച്ച ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍!

ദില്‍ബാസുരന്‍ said...

വായനയെ സ്നേഹിക്കുന്ന മലയാളിയുടെ നഷ്ടം.കൂമന്‍ പറഞ്ഞത് പോലെ സ്ത്രീ രചനകളോട് അദ്ദേഹത്തിന് conservative attitude ഉണ്ടായിരുന്നോ എന്ന് എനിക്കും സംശയമുണ്ട്. Eg: Susan Sontag ആണെന്ന് തോന്നുന്നു ഒരു കഥയില്‍ “സ്ത്രീകള്‍ മൂത്രമൊഴിക്കുമ്പോള്‍ നിന്നിടം നനയ്ക്കുകയും പുരുഷന്‍ പുരോഗതിയുടെ ഒരു arc തീര്‍ക്കുകയും ചെയ്യുന്നു” എന്ന് എഴുതി. അതിനെ വിശദീകരിച്ചും വിമര്‍ശിച്ചും അദ്ദേഹം സാഹിത്യ വാരഫലത്തില്‍ എഴുതിയത്.