Thursday, January 05, 2006

പച്ചമലയാളം, പച്ചപ്പരമാര്‍ത്ഥം

പച്ചമലയാളത്തിന്റെ താളുകള്‍ അയച്ചുതന്ന വയനശാലക്കാരന്‍ സുനിലിന്‌ നന്ദി.

പനച്ചിപെറ്റ പന്തിരുകുലം എന്ന ലേഖനം ഇരുത്തി വായിച്ചു. പഴയ സഹപ്രവര്‍ത്തകരെപ്പറ്റിയാകുമ്പോള്‍ ആവേശം കൂടുമല്ലോ. എഴുതിയത്‌ ഷാജി ജേക്കബാണെങ്കിലും ലേഖനത്തില്‍ ചില പരമാര്‍ഥങ്ങള്‍ ഇല്ലാതില്ല. ഷാജി വിമര്‍ശനം എന്ന നിലവിട്ട്‌ ചിലപ്പോഴൊക്കെ വ്യക്തിപരമായ ആക്രമണമഴിച്ചുവിടുന്നതൊഴിച്ചാല്‍ ലേഖനം ഉയര്‍ത്തുന്ന ചിന്തകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്‌.

മനോരമ മാനേജര്‍മാര്‍, ഏതുകാരണത്തിന്റെ പേരിലായാലും, മതില്‍ക്കെട്ടിനുപുറത്തെ എഴുത്ത്‌ നിരോധിച്ചെങ്കില്‍ അതു നല്ലതിനാണ്‌. പ്രസ്തുത എഴുത്തുകാര്‍ക്കും മലയാള സാഹിത്യത്തിനും. മാതൃഭൂമി, ഏഷ്യാനെറ്റ്‌, കൈരളി തുടങ്ങിയവര്‍ക്കൂടി ഈ നിരോധനം ഏര്‍പ്പെടുത്തിയാല്‍ നന്ന്. ആവിഷ്കാര സ്വാതന്ത്ര്യം, മാങ്ങാത്തൊലി എന്നൊക്കെപ്പറഞ്ഞ്‌ ആരുമെന്നോട്‌ തല്ലുകൂടാന്‍ വന്നേക്കല്ലേ.

വാസ്തവത്തില്‍ ഷാജി ജേക്കബ്‌ വിമര്‍ശിക്കേണ്ടത്‌ രവി ഡിസിയെയാണ്‌. ടിയാന്‍ വന്നതില്‍പ്പിന്നെയാണ്‌ പത്രപ്രവര്‍ത്തകരും പ്രസാധകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കളങ്കങ്ങള്‍ പെരുകിയത്‌. അതു പക്ഷേ ആരും പറയില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും എന്‍.ബി.എസും തകര്‍ത്തു തരിപ്പണമാക്കിയത്‌ അപ്പന്‍ ഡീസീയാണെന്ന് ആരും പറഞ്ഞിരുന്നില്ലല്ലോ.

ഇതൊക്കെയാണെങ്കിലും ഷാജി ജേക്കബിന്റെ ചില നിരീക്ഷണങ്ങളോട്‌ എനിക്കു തീരെ യോജിപ്പില്ല. "പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇടയ്ക്കിടെ പരമ്പരയായും ഫീച്ചറായും നേര്‍ച്ചയ്ക്കെഴുതുന്ന ചില പൈങ്കിളികളും ഗോസിപ്പുകളുമല്ലാതെ യാതൊന്നും പനച്ചിയും ഈ ചെറുപ്പക്കാരും മനോരമയ്ക്കോ മലയാളിക്കോ നല്‍കിയിട്ടില്ല." എന്ന അഭിപ്രായം.

ഷാജി ജേക്കബിന്റെ ലിസ്റ്റിലുള്ള ചിലരെങ്കിലും നല്ല പത്രപ്രവര്‍ത്തകരാണ്‌. മിക്കവരും ഒറ്റപ്പെട്ട നല്ല കഥകള്‍ എഴുതിയിട്ടുമുണ്ട്‌.

പനച്ചിപ്പുറം മലയാള പത്രലോകത്തുള്ള ഒന്നാം തരം എഡിറ്ററാണ്‌. പ്രതിഭയുള്ളവന്‍. എന്റെ നോട്ടത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച മിഡില്‍പ്പീസ്‌ കോളങ്ങള്‍ പനച്ചിയുടെ തരംഗങ്ങളിലും സ്നേഹപൂര്‍വ്വവുമാണ്‌.

ടോം ജെ മങ്ങാട്‌ ഒന്നാംതരം നോളജ്‌ എഡിറ്ററാണ്‌. കൂലിയെഴുത്തിന്റെ കാണാപ്പുറങ്ങല്‍ വ്യംഗ്യമായി സൂചിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചതുരംഗത്തമ്പുരാന്‍ മികച്ച സറ്റയറാണ്‌.

കെ ആര്‍ മീരയുടെ ഓര്‍മ്മയുടെ ഞരമ്പ്‌ എന്തുകൊണ്ടും മികച്ച കഥതന്നെ. രേഖയുടെ 'മറന്നു വച്ചത്‌' മനസില്‍ തട്ടാതിരിക്കില്ല.

ജി ആര്‍ ഇന്ദുഗോപന്‍ സ്പെഷ്യലൈസ്ഡ്‌ നോവല്‍ സങ്കേതത്തില്‍ മോഹനവര്‍മ്മയ്ക്കൊരു പിന്‍ഗാമിതന്നെ. കരിമണല്‍ഖനനത്തെപ്പറ്റി വിശദമായി അറിയാന്‍ അദ്ദേഹത്തിന്റെ 'മണല്‍ജീവികള്‍' വായിച്ചാല്‍മതി. നെയ്യാര്‍ഡാമിന്റെ സമീപത്തുള്ളവരുടെ ജീവിതത്തില്‍ മുതല എങ്ങനെ ഒരു പ്രഹേളികയാകുന്നുവെന്നറിയാന്‍ 'മുതലലായനി' വായിക്കുക. മലബാറിലേക്കു കുടിയേറിയ അച്ചായന്മാരുടെ പിന്‍തലമുറ അനുഭവിക്കുന്ന അസ്തിത്വ ദുഖമറിയാന്‍ 'കൊടിയടയാളം' ഓടിച്ചുനോക്കിയാല്‍ മതി. ബി.മുരളിയുടേതായി എത്രയോ നല്ല കഥകളുണ്ട്‌. ഈ സത്യമൊക്കെ അംഗീകരിക്കുകതന്നെ വേണം. പൈങ്കിളി, ഗോസിപ്പ്‌ എന്നൊക്കെപ്പറഞ്ഞ്‌ അടച്ചാക്ഷേപിക്കയുമരുത്‌.

പക്ഷേ ഷാജി ജേക്കബ്‌ മൊത്തത്തില്‍ പറഞ്ഞുവയ്ക്കുന്ന സത്യം, സത്യം തന്നെ. പത്രപ്രവര്‍ത്തകന്‍ എന്ന പദവി മുതലാക്കി സാഹിത്യലോകത്ത്‌ മേയുന്നവര്‍ക്ക്‌ പ്രാധാന്യമേറുന്നത്‌ ആശ്യാസ്യമല്ല. ഈ കൂട്ടുകെട്ടിന്റെ നിഴല്‍പ്പാടിലമര്‍ന്നു പോയ കുറെയേറെ നവസാഹിത്യകാരന്മാരുണ്ട്‌ മലയാളത്തില്‍.

സന്തോഷ്‌ എച്ചിക്കാനം എന്ന കഥകൃത്ത്‌ ഒരു വാഗ്ദാനമാണ്‌. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനല്ലാത്തതിനാല്‍ സന്തോഷിന്റെ കഥകള്‍ ഒരു നിരൂപകനും വായനക്കാര്‍ക്കുമുന്നില്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടില്ല. മനംനൊന്താവാം സന്തോഷ്‌ സീരിയല്‍ കഥകളെഴുതി തൂലികയിലെ മഷി വറ്റിക്കുന്നു. മലയാളത്തില്‍ സമീപകാലത്തു തെളിഞ്ഞ മികച്ച കവിയാണ്‌ പി രാമന്‍. രാമന്റെ കവിതകളെപ്പറ്റി നല്ലവാക്കെഴുതാന്‍ ഈ പത്രക്കാരാരും തയാറായിട്ടില്ല. എഴുത്തൊഴിഞ്ഞിട്ടുവേണ്ടേ ഇതിനൊക്കെ നേരം.

പത്രക്കാരനാണെങ്കിലും എനിക്ക്‌ സുഭാഷ്‌ ചന്ദ്രന്റെ കഥകള്‍ എല്ലാമിഷ്ടമാണ്‌. പക്ഷേ ഓനിപ്പോ നിശബ്ദനാണല്ലോ. ആര്‍ക്കറിയാം ചിലപ്പോള്‍ വീരേന്ദ്രകുമാര്‍ തന്റെ പേരില്‍ കഥയെഴുതാന്‍ പറഞ്ഞു കാണും.

മനോരമ സാഹിത്യത്തിന്റെ പ്രശ്നം, അവിടെ മികച്ച എഴുത്തുകാരുണ്ട്‌ എന്നാല്‍ എഴുതിത്തെളിയുന്നതിനുമുന്‍പ്‌ അവര്‍ക്കെല്ലം ഒന്നും രണ്ടും സമാഹാരമായിപ്പോയി എന്നതാണ്‌.
ഇല്ല അത്രയ്ക്കങ്ങുയരാന്‍ സമയമായില്ല.

ആനുകാലികങ്ങളില്‍ എഴുതാനൊക്കില്ലെങ്കില്‍ ഇവിടെ വരുക. ബൂലോകത്തില്‍. എഴുതിത്തെളിയുക കൂടുതല്‍. കവറിലിട്ടു പൈസ തരില്ല എന്നേയുള്ളു. ഇവിടെയുണ്ട്‌ നിങ്ങള്‍ക്കു വളരാന്‍ പറ്റിയ മണ്ണ്‍. എന്നിട്ടാവാം, സാഹിത്യകാരന്‍, സാഹിത്യകാരി തുടങ്ങിയ പട്ടാഭിഷേകങ്ങള്‍.

ഇനി ഒരു സത്യം പറയാം. ഞെട്ടരുത്‌. മനോരമക്കാലത്ത്‌ ഞാനും ഒരു പുസ്തകമിറക്കി. എഴുതാന്‍ കഴിവില്ലാത്തതിനാല്‍ എഴുത്തുകാരെയെല്ലാം ഞാനങ്ങ്‌ എഡിറ്റു ചെയ്തു. അതു പുസ്തകവുമായി. എങ്ങനെയുണ്ടെന്റെ ബുദ്ധി.

വായനശാലക്കാരാ, ബൂലോകരേ,അപ്പന്റെ ആത്മകഥ മാതൃഭൂമിയി തുടങ്ങിയെന്നു കേട്ടു. ആരെങ്കിലും ആ താളുകള്‍ കരിഞ്ചന്തയിലെത്തിച്ചാല്‍ ഉപകാരം.

5 comments:

Anonymous said...

മനോരമയുടെ എം എം ടീ വി പറക്കാന്‍ തയ്യാറെടുക്കുകയാണ്‌.അപ്പൊ പിന്നെ മനൊരമ ടീവിയില്‍ വന്ന മുഖങ്ങളൊന്നും മറ്റൊരു ടീ വിയിലും വന്നേക്കരുത്‌ എന്നുവരെ ചട്ടം കെട്ടാന്‍ സാദ്ധ്യതയുണ്ട്‌. രേഖയുടെ 'ആരുടേയൊ സഖാവ്‌(അന്തിക്കാട്ടുകാരി)പോലുള്ള മികച്ച കഥകള്‍ മനൊരമ അഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചാമതീന്നാണോ? ടോമിന്റെ മഴപുസ്തകം നന്നായിരുന്നു.

സന്തോഷ്‌ ഏച്ചിക്കാനം എന്റെ നാട്ടുക്കാരനാണ്‌.ജേര്‍ണ്ണലിസം ഒന്നാം റാങ്കോടെ പാസായിട്ടുണ്ട്‌.സീരിയല്‍ എഴുത്ത്‌ സന്തോഷിന്റെ തൊഴിലാണ്‌,ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള ബാദ്ധ്യത മികച്ച ചെറുകഥകളിലൂടെ നിറവേറ്റുന്നു (കൊമാല, റോഡില്‍ പാലികേണ്ട കാര്യങ്ങള്‍)കഴിഞ്ഞ വര്‍ഷം എറ്റവും കൂടുതല്‍ അവാര്‍ഡു നേടിയിട്ടുള്ളത്‌ സന്തോഷായിരിക്കാനാണ്‌ സാദ്ധ്യത.

സിബു::cibu said...

മനോരമക്ക്‌ ഭാഷാപോഷിണിയും ഉണ്ടല്ലോ തുളസീ.

-സു‍-|Sunil said...

തീര്‍ച്ചയായും മഞ്ചിത്. എന്റെ നാട്ടില്‍ കിട്ടാന്‍ കുറച്ച്‌ സമയം എടുക്കും.(സൌദി) എം.എന്‍ കാരശ്ശേരി നെറ്റ്സാഹിത്യത്തെ പറ്റി എഴുതിയിട്ടുണ്ടെന്ന്‌ കേട്ടു. ഇതുവരെ ഇവിടെ കിട്ടിയിട്ടില്ല. കിട്ടിയാല്‍ അയച്ചുതരാം.-സു-

Sunil Krishnan said...

മഞ്ചിത്തിന്റെ അഭിപ്രായങ്ങളില്‍ സമചിത്തതയുണ്ട്‌, ഷാജി ജേക്കബിന്റെ ലേഖനത്തില്‍ ഇല്ലാത്തതും അതാണ്‌.(വെടിവെക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ തെരഞ്ഞ്പിടിച്ചോക്കെ... പാടാണന്നേ)

പിന്നെ രാമനെയും എച്ചിക്കാനത്തെയും പോലുള്ളവരെ അറിയേണ്ടവര്‍ അറിയുന്നുണ്ട്‌ മഞ്ചിത്‌.

പാഴ്തടിയിലെ കൂണുകളല്ലല്ലോ വസന്തം കൊണ്ടുവരുന്നത്‌.

ടീച്ചർ said...

ഇപ്പഴാ ഇതു കണ്ടേ. അപ്പൻ മാഷെ കിട്ടീല്യെൻകി പറയു, അയചു തരാം.